ജമാഅത്ത് വിമര്‍ശനം വിവാദമല്ല സംവാദമാണ് വേണ്ടത്
അശ്‌റഫ് കടയ്‌ക്കല്‍
നവ സാമ്രാജ്യത്വപരിസരത്തില്‍ ഇസ്‌ലാമോഫോബിയയുടെ രൂപ വൈവിധ്യങ്ങള്‍ക്ക് കേരളം തനതായ സംഭാവനയര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. `കേരള മോഡല്‍' എന്ന പ്രതിഭാസം സമ്പദ്‌ശാസ്‌ത്രത്തിന്റെ പരമ്പരാഗത തത്ത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം ആവശ്യപ്പെട്ടതുപോലെ ഇസ്‌ലാംവിമര്‍ശനങ്ങളിലും കേരളം പുത്തന്‍ മാതൃകകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതിന് ഹിന്ദുത്വശക്തികളും സാമ്രാജ്യത്വവും പടച്ചുവിടുന്ന പ്രചാരണ സാഹിത്യങ്ങളില്‍ നിന്നും ആശയവും ഭാഷയും അതേപടി കടംകൊള്ളുന്ന `ഇടതുപക്ഷം' കേരളത്തിന്റെ മാത്രം അനുഭവമാണ്. ചുവപ്പിനും കാവിക്കും ഇടയിലുള്ള വര്‍ണഭേദത്തിന്റെ രേഖതന്നെ മാഞ്ഞുപോകുന്ന പുതിയ അഭ്യാസങ്ങള്‍ക്ക് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ വിമര്‍ശന സമ്പ്രദായങ്ങളെ തന്നെ തകിടം മറിക്കുന്ന സമീപനമാണിത്.
കേരളത്തില്‍ അരങ്ങുതകര്‍ക്കുന്ന ജമാഅത്ത് വിമര്‍ശനത്തിന്റെ മനഃശാസ്‌ത്രം തേടിക്കൊണ്ടുള്ള ഡോ. പി.എ അബൂബക്കറിന്റെ അന്വേഷണം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാവുകയാണ്. ജമാഅത്ത് വിമര്‍ശനത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഏതാണ്ട് ഗവേഷണ സ്വഭാവത്തോടെ വിലയിരുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ശ്ലാഘനീയവുമാണ്. കേരള മുസ്‌ലിംചരിത്രം പഠന വിഷയമാക്കിയിട്ടുള്ളവര്‍ ഈ ചര്‍ച്ചയില്‍ സജീവമായി പങ്കുചേരുമെന്ന് പ്രത്യാശിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനബുദ്ധ്യാ കണ്ടിരുന്ന ഡോ. അബൂബക്കര്‍ തന്റെ പ്രബോധനം ലേഖനത്തില്‍ പഴയ സമീപനം പാടെ മാറ്റിയതായി കാണുന്നു. ഒരു പക്ഷേ, മതേതര മൗലികവാദികളുടെ തത്ത്വദീക്ഷയില്ലാത്ത വിമര്‍ശനത്തോടുള്ള ജൈവിക പ്രതികരണമാകാം അദ്ദേഹത്തിന്റെ ഈ ചവടുമാറ്റം. വിമര്‍ശനത്തിലെ സാമാന്യ മര്യാദകളെല്ലാം ഉല്ലംഘിച്ചുകൊണ്ടുള്ള `അരപ്പട്ടക്ക് താഴെയുള്ള ഈ അടി' ജമാഅത്തിന് പ്രതികൂലികളെക്കാള്‍ അനുഭാവികളെയാണ് സൃഷ്‌ടിച്ചത് എന്നതിന്റെ കൂടി തെളിവാണിത്. ചരിത്രത്തെ അവലംബിച്ചുകൊണ്ട് ഡോ. അബൂബക്കര്‍ തീര്‍ക്കുന്ന സംരക്ഷണകവചം മികച്ചതാണ്. പക്ഷേ അതില്‍ അങ്ങിങ്ങായി സംഭവിച്ച ചില വിള്ളലുകളും കാണാതിരുന്നുകൂടാ; പ്രതേ്യകിച്ചും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ഭിന്നതയുടെ ചരിത്രം പരതുന്നിടത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം, ന്യൂനപക്ഷ രാഷ്‌ട്രീയം, അലീഗഢ് പ്രസ്ഥാനം, വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ സാമ്പ്രദായിക ചരിത്രകാരന്മാരുടെ `ദേശീയവീക്ഷണ'ത്തിന്റെ ചുവട് പിടിച്ചുകൊണ്ടാണ് അബൂബക്കറും തന്റെ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ലീഗിന്റെ അസ്‌തിത്വം ബ്രിട്ടീഷ് അനുകൂല ധാരയില്‍ ബന്ധിച്ചുകൊണ്ടുള്ള വിശകലനം ഭാഗിക സത്യം മാത്രമേ ആകുന്നുള്ളൂ.
പാട്രിക്‌ഫ്രഞ്ച്, ആയിശ ജലാല്‍, സുജാതബോസ്, സ്റ്റാന്‍ലിവോള്‍പെര്‍ട്ട് തുടങ്ങിയ ആധുനിക ചരിത്രപണ്ഡിതന്മാരുടെ പഠനങ്ങള്‍, നിലവിലുള്ള വീക്ഷണങ്ങളെയൊക്കെ പൊളിച്ചെഴുതിയിരിക്കുകയാണ്. നമ്മുടെ ദേശീയ പ്രസ്ഥാനങ്ങള്‍ ആത്യന്തികമായി ഫ്യൂഡല്‍ സ്വഭാവമുള്ളതും ഭൂരിപക്ഷ വര്‍ഗീയതയുടെ പരീക്ഷണ കേന്ദ്രങ്ങളുമായിരുന്നു എന്ന യാഥാര്‍ഥ്യമാണ് പുതിയ പഠനങ്ങള്‍ ഉറക്കെ പറയുന്നത്. `ഭൂരിപക്ഷം', `ന്യൂനപക്ഷം' എന്നീ വിഭജനവും വിവേചനവും അതിരുകടന്നപ്പോഴാണ് സ്വത്വ രാഷ്‌ട്രീയത്തിന്റെ മുസ്‌ലിംപരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചത് എന്ന് പറയാം. മുസ്‌ലിം രാഷ്‌ട്രീയം രൂപപ്പെടുത്തിയ നേതാക്കളില്‍ നല്ലൊരു പങ്കും ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിലേതുപോലെതന്നെ വരേണ്യരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരുമായിരുന്നു. ബ്രിട്ടീഷ് അനുകൂല നിലപാടുകാരനായ സര്‍ സയ്യിദ് അഹ്‌മദ് ഖാന്റെ അലീഗഢ് പ്രസ്ഥാനമാണ് പില്‍ക്കാലത്ത് ശക്തമായ ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളുടെ ബൗദ്ധിക കേന്ദ്രമായി വര്‍ത്തിച്ചത് എന്ന യാഥാര്‍ഥ്യവും നാം കാണാതിരുന്നുകൂടാ. ചരിത്രത്തെ ഖണ്ഡങ്ങളായി പരിശോധിച്ചാല്‍ യാഥാര്‍ഥ്യം കണ്ടെത്താന്‍ സാധിക്കില്ല. മറിച്ച് അതിന്റെ സമഗ്രതയില്‍ തന്നെ ദര്‍ശിക്കുമ്പോള്‍ മാത്രമേ അനേ്വഷണം വഴിതെറ്റാതെ മുന്നോട്ട് കൊണ്ടുപോകാനാവൂ.
അതുപോലെ ജമാഅത്തെ ഇസ്‌ലാമി സാമ്രാജ്യത്വവിരുദ്ധ ധാരയുടെ തുടര്‍ച്ചയും മുസ്‌ലിംലീഗ് ബ്രിട്ടീഷ് അനുകൂല ധാരയുടെ പ്രതിനിധിയുമാകുന്നത് കേവലം അവകാശവാദത്തിനപ്പുറമുള്ള ചരിത്ര സത്യമാകുന്നില്ല. ദേശീയവാദികളുടെ അശാസ്‌ത്രീയമായ അതേ അളവുകോലുകൊണ്ടാണ് മലബാര്‍ ലീഗിന്റെ വിഭജനഘട്ട ചരിത്രത്തെയും ലേഖകന്‍ പരാമര്‍ശിച്ചിട്ടുള്ളത്. സാമുദായിക രാഷ്‌ട്രീയത്തെ തത്ത്വത്തില്‍ എതിര്‍ത്തിരുന്ന മൗലാനാ ആസാദും മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും ലീഗ്‌വിരുദ്ധ ചേരിയിലാകുന്നത് സ്വാഭാവികമാണല്ലോ. ജമാഅത്തെ ഇസ്‌ലാമിയോട് ലീഗ് സ്വീകരിച്ചുവരുന്ന സമീപനം മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനോട് സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് എന്ന വാദം ലീഗും ആര്യാടനും തമ്മിലുള്ള തര്‍ക്കം സ്വതന്ത്ര പൂര്‍വ ഘട്ടത്തിന്റെ തുടര്‍ച്ചയാണ് എന്ന വാദം പോലെ ബാലിശമാണ്. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് ഇന്നുണ്ടായിരുന്നെങ്കില്‍ ജമാഅത്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തെ എതിര്‍ക്കാന്‍ അദ്ദേഹം മുന്നണിയില്‍തന്നെ ഉണ്ടാകുമായിരുന്നു. കാലാകാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചിരുന്ന ലീഗും ജമാഅത്തും ബദ്ധവൈരികളെപ്പോലെയാണ് ഏറ്റുമുട്ടിയതെങ്കിലും പരസ്‌പര ബഹുമാനം നിലനിര്‍ത്തിയിരുന്നു. ആ ശൈലിക്ക് ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു എന്നതാണ് അത്യന്തം ആപല്‍ക്കരമായ സംഗതി. തന്നെയുമല്ല, ജമാഅത്ത് വിമര്‍ശനത്തില്‍ സംഘ്‌പരിവാറിന്റെ വാദ്യമേളക്കാരെപ്പോലെ ലീഗില്‍ ഒരു വിഭാഗം പെരുമാറുന്നത് ആത്മഹത്യാപരവുമാണ്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ബലപരീക്ഷണത്തിന് മുതിര്‍ന്നതാണ് ഇന്ന് ജമാഅത്ത്-ലീഗ് ബന്ധം ഏറെ വഷളാക്കിയത്. ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണം കേരളത്തിന്റെ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ അപ്രായോഗികമാണ് എന്ന വിധിയെഴുത്താണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്നത്. മുസ്‌ലിം ജനസംഖ്യയുടെ അനുപാതം കേരളത്തെക്കാളുള്ള ആസാം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ബഹുദൂരം മുന്നിലാണ്. ഒരു സംഘടിത രാഷ്‌ട്രീയ ശക്തിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരള മുസ്‌ലിംകളെ പ്രാപപ്‌തമാക്കിയതില്‍ മുസ്‌ലിംലീഗിന്റെ സംഭാവന കനപ്പെട്ടതാണ്. ജമാഅത്തിന്റെ രാഷ്‌ട്രീയ പ്രവേശം ഈ കെട്ടുറപ്പിന് ഭംഗമുണ്ടാക്കും എന്ന മുസ്‌ലിം പൊതുബോധമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജമാഅത്ത്‌വിരുദ്ധ കൂട്ടായ്‌മക്ക് പ്രചോദനമായത്. അതിലെ ശുദ്ധവും അവിശുദ്ധവുമായ സഖ്യങ്ങളെ നമുക്ക് കാണാതിരിക്കാനുമാവില്ല. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ ഭൂമികയില്‍ മതേതര മുഖഛായയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു രാഷ്‌ട്രീയ ശക്തിയെ ക്ഷയിപ്പിച്ചുകൊണ്ടുള്ള രാഷ്‌ട്രീയ പരീക്ഷണം ആശാവഹമല്ല എന്ന മുസ്‌ലിം സംഘടനകളുടെ നിലപാട് സാമുദായികമാണ് എന്ന പോലെതന്നെ പുരോഗമനപരംകൂടിയാണ്. അതേസമയം ദേശീയ തലത്തില്‍ ന്യൂനപക്ഷ പ്രാമുഖ്യമുള്ള ഒരു ദേശീയ ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ ജമാഅത്തിന് സാധിച്ചാല്‍ അത് എക്കാലത്തെയും ചരിത്രനേട്ടമായി വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.
ആധുനിക കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ചത് ജമാഅത്തെ ഇസ്‌ലാമിതന്നെയാണ് എന്ന കാര്യം ജമാഅത്ത് വിമര്‍ശകര്‍പോലും സമ്മതിക്കുന്നകാര്യമാണ്. അറബി ഭാഷയിലുള്ള ഇബാറത്തുകള്‍ക്ക് അതേ ഘടനയില്‍ അര്‍ഥം വെച്ചും ളമീര്‍ മടക്കിയും മലയാളഭാഷയെ വികൃതമാക്കുന്നതില്‍ മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും പരസ്‌പരം മത്സരിച്ചിരുന്ന ഘട്ടത്തിലാണ് ലളിതവും സുന്ദരവുമായ മലയാളത്തില്‍ ആശയവിനിമയം നടത്തുന്ന ഒരു സമൂഹത്തെ ജമാഅത്ത് സൃഷ്‌ടിച്ചെടുത്തത്. ബ്രിട്ടീഷ്‌വിരുദ്ധ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമായി മനോഹരമായ ഇംഗ്ലീഷില്‍ പുറത്തിറങ്ങിയിരുന്ന മൗലാനാ മുഹമ്മദലിയുടെ `കോമ്രേഡി'നെ ഏറെ ആര്‍ത്തിയോടെ ആസ്വദിച്ചിരുന്നത് ഭാഷാപ്രേമിയായ വൈസ്രോയിയുടെ ഭാര്യതന്നെയായിരുന്നു എന്നത് ഇന്ത്യാചരിത്രത്തിലെ ഒരു കൗതുക സംഭവമാണ്. ഇതുപോലെ കടുത്ത ജമാഅത്ത് വിരോധികള്‍പോലും പ്രബോധനം രഹസ്യമായി ആസ്വദിച്ചിരുന്നു എന്നത് ഒരു അനിഷേധ്യ യാഥാര്‍ഥ്യമാണ്. മലയാള ഭാഷയെതന്നെ സമ്പന്നമാക്കുന്നതില്‍ പ്രബോധനത്തിന്റെ സംഭാവന എടുത്തുപറയേണ്ടതുമാണ്. അങ്ങനെ മത സംഘടനാരംഗത്തുള്ള മുസ്‌ലിംകളെ നല്ല മലയാളം പറയുകയും എഴുതുകയും ചെയ്യുന്നവരാക്കുന്നതില്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. കേവലം ഭാഷാനൈപുണ്യം ആര്‍ജിക്കാന്‍ മാത്രമല്ല, അതിലുപരി ഇസ്‌ലാമിന്റെ സന്ദേശം സമഗ്രമായി അവതരിപ്പിക്കുന്നതിലും ജമാഅത്ത് സാഹിത്യം തനതായ ഒരു പാത വെട്ടിത്തുറന്നിരുന്നു. പില്‍ക്കാലത്ത് ഏതാണ്ടെല്ലാ മുസ്‌ലിംസംഘടനകളും സഞ്ചരിക്കുന്നതും ആ പാതയിലൂടെയാണ് എന്ന് സമ്മതിക്കാതിരിക്കാനാവില്ല. ഈ ഈടുവെയ്‌പിന്റെ തുടര്‍ച്ചയിലാണ് മാധ്യമം പത്രവും വാരികയും നേടിയെടുത്ത അംഗീകാരവും ബഹുമതിയുമെന്ന് വിലയിരുത്താവുന്നതാണ്. ഇതില്‍ പണ്ട്‌മുതലേ അസ്വസ്‌തത പ്രകടിപ്പിച്ചിരുന്ന ചില കേന്ദ്രങ്ങളാണ് ജമാഅത്ത് നിഗ്രഹത്തിനായുള്ള പടനയിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. അബൂബക്കര്‍ വിലയിരുത്തുന്നതുപോലെ സോളിഡാരിറ്റിയുടെ രൂപീകരണത്തോടെയാണ് ജമാഅത്ത് കീഴാളപരിപ്രേക്ഷ്യത്തോടെയുള്ള ഒരു നവസാമൂഹിക പ്രസ്ഥാനമായി മാറുന്നത്. തന്നെയുമല്ല, കേവലം ഒരു മതസംഘടനയായിരുന്ന ജമാഅത്ത് ഒരു സമുദായ സംഘടനയുടെ ദൗത്യമേഖല എന്തെന്ന് തിരിച്ചറിയുന്നത് സോളിഡാരിറ്റിയുടെ ആവിര്‍ഭാവത്തോടെയാണ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസവും സാമ്പത്തികവും, ഒരളവുവരെ സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ജമാഅത്തിന്റെ അജണ്ടയിലേ ഉണ്ടായിരുന്നില്ല. പ്രസ്ഥാന പ്രവര്‍ത്തകരെയും ബന്ധുക്കളെയും സംഘടനാ ചട്ടകൂട്ടില്‍ നിര്‍ത്തി തര്‍ബിയത്തും തസ്‌കിയത്തും പഠിപ്പിക്കുന്ന ദൗത്യത്തിനായിരുന്നു ജമാഅത്ത് പ്രാമുഖ്യം നല്‍കിയിരുന്നത്. പ്രബോധകര്‍ക്ക് പ്രബോധിതരോടുള്ള ദൗത്യം എങ്ങനെ നിര്‍വഹിക്കണമെന്നതായിരുന്നു സംഘടനയുടെ കര്‍മ മണ്ഡലം നിര്‍ണയിച്ചിരുന്നത്. ഇവിടെനിന്നും ഏറെ മുന്നോട്ട് സഞ്ചരിക്കാന്‍ ജമാഅത്ത് സന്നദ്ധമായത് ഏറെ പ്രതീക്ഷ നല്‍കുന്ന മാറ്റമാണ്.
ജമാഅത്തിന്റെ പിന്‍ബലത്തില്‍ സോളിഡാരിറ്റി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. പ്ലാച്ചിമടയിലും ചെങ്ങറയിലും മൂലംമ്പള്ളിയിലും കിനാലൂരിലുമെല്ലാം ജനകീയ സമരങ്ങള്‍ക്ക് ജ്വാല പകരാനും എന്‍ഡോസള്‍ഫാന്‍ പുനരധിവാസം, സൂനാമി പുനരധിവാസം, മറ്റു കുടിവെള്ള-ഭവന പദ്ധതികളുമെല്ലാം ജമാഅത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃകകളായിരുന്നു. പക്ഷേ, സംഘടന ആശ്വാസമെത്തിച്ച പ്രദേശങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതോടെ ഇതെല്ലാം ഗിമ്മിക്കുകളായിരുന്നോ എന്ന സംശയം ജമാഅത്തിന്റെ ഗുണകാംക്ഷികളില്‍ പോലുമുണ്ടായി. അങ്ങനെ കാലങ്ങളായി രൂപപ്പെടുത്തിയ പ്രതിഛായക്ക് കാര്യമായ ഇടിവ് തെരഞ്ഞെടുപ്പ് പരീക്ഷണത്തോടെ ജമാഅത്തിന് സംഭവിച്ചു എന്നത് രഹസ്യമായിട്ടെങ്കിലും നേതൃത്വത്തിലെ പലരും സമ്മതിക്കുന്നുണ്ട്. ജമാഅത്തിന്റെ സമീപകാല സംഭവങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടക്ക് ഏറെ പ്രസക്തമായ ഈ വിഷയം ഡോ. അബൂബക്കര്‍ വിട്ടുകളഞ്ഞത് ബോധപൂര്‍വം തന്നെയാകാം. ഒരു വേള ജമാഅത്തിനെതിരെ നടക്കുന്ന സംഘടിത ആക്രമണത്തില്‍ നിന്നുമുള്ള പ്രതിരോധത്തെ ഇത്തരം വിഷയങ്ങള്‍ പരമാര്‍ശിക്കുക വഴി ദുര്‍ബലപ്പെടുത്തണ്ട എന്ന നല്ല ചിന്തയാകാം അദ്ദേഹത്തെ വഴി മാറ്റിവിട്ടത്.
മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്ത് നേരിട്ട വിമര്‍ശനങ്ങളിലധികവും താന്താങ്ങളുടെ സംഘടനാ സങ്കുചിതത്വത്തിന്റെ പ്രചാരണ കോലാഹലങ്ങള്‍ മാത്രമായിരുന്നു. എങ്കിലും ചിലപ്പോഴെങ്കിലും അത്തരം പോരുകള്‍ ആരോഗ്യകരമായ സംവാദത്തിന്റെ തലത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥ കല്‍പനകകളുമായി ബന്ധപ്പെട്ടു മുജാഹിദുകളുമായുണ്ടായ മുഖാമുഖം. കെ.സി അബ്‌ദുല്ല മൗലവി, ടി. മുഹമ്മദ്, മുഹമ്മദ്‌ബിന്‍ അഹ്‌മദ്, ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ് തുടങ്ങിയ പണ്ഡിത കേസരികള്‍ അണിനിരന്ന ചര്‍ച്ച കേരള മുസ്‌ലിംകള്‍ക്കിടയിലെ ബൗദ്ധിക സംവാദ ചരിത്രത്തിലെതന്നെ ഉത്തമ മാതൃകകളാണ്. കേരളത്തില്‍ അതിനുമുമ്പോ ശേഷമോ ഇങ്ങനെ പാണ്ഡിത്യത്തിന്റെയും ചിന്താവ്യായാമത്തിന്റെയും നിലവാരത്തില്‍ ഔന്നത്യം പുലര്‍ത്തിയ സംവാദങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. മധ്യകാലഘട്ടത്തില്‍ വചന ശാസ്‌ത്രവുമായി ബന്ധപ്പെട്ട് നടന്ന ബൗദ്ധിക ചര്‍ച്ചകളുടെ പാരമ്പര്യത്തിന്റെ മിന്നലാട്ടം ജമാഅത്ത് മുജാഹിദ് ധാരകള്‍ തമ്മില്‍ നടന്ന ഈ സംവാദത്തിലുണ്ടായിരുന്നു. കേരളത്തില്‍ പരസ്‌പരം വാളോങ്ങിനില്‍ക്കുന്ന സംഘടനകള്‍ നടത്തുന്ന വിഴുപ്പലക്കലും സി.ഡി യുദ്ധവും കാണുമ്പോള്‍ ഇങ്ങനെ ചില സംവാദങ്ങളുടെ ഭൂതകാലം നമുക്കുണ്ടായിരുന്നു എന്നത് ഏറെ ആശ്വാസം പകരുന്ന ഓര്‍മകളാണ്.
രാഷ്‌ട്രീയ ഇസ്‌ലാമിന്റെ പേരില്‍ ജമാഅത്തിനെ വിചാരണ ചെയ്യുന്ന മതേതര ബുജികള്‍ പ്രസ്‌തുത വിഷയത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ മുതല്‍ അറബ് ചിന്തകന്മാരായ താഹാ ഹുസൈനും അലി അബ്‌ദുര്‍റാസിഖും ഖാലിദ് മുഹമ്മദ് ഖാലിദും മതേതരപക്ഷത്ത് നിന്നും ഉന്നയിച്ച വിമര്‍ശനങ്ങള്‍പോലും വേണ്ടവണ്ണം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് ഇവരുടെ ആക്ഷേപങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യമാകും. അറബ് ലോകത്ത് ഇത്തരം ചൂടേറിയ സംവാദങ്ങള്‍ ഇന്നും സജീവമായി നടക്കുന്നുണ്ട്. ആധുനിക അറബ് ചിന്തയുടെ ചരിത്രം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന നിരവധി പഠനങ്ങള്‍ ഇന്ന് പടിഞ്ഞാറ് നിന്ന് തന്നെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്‌ത അറബ് - മുസ്‌ലിം ചിന്തകനും ചരിത്രകാരനുമായിരുന്ന ഇസ്‌മാഈല്‍ റാജി ഫാറൂഖി സേവനമനുഷ്‌ടിച്ചിരുന്ന ഫിലാഡെല്‍ഫിയയിലെ ടെമ്പിള്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഇബ്‌റാഹീം അബുറാബിയുടെ പഠനങ്ങള്‍ ഈ വിഷയത്തില്‍ ഏറെ ശ്രദ്ധനേടിയതാണ്. അദ്ദേഹത്തിന്റെ Contemporary Arab Thought ഇസ്‌ലാം-മതേതര സംവാദങ്ങള്‍ സമഗ്രമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ നാറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, യൂസുഫുല്‍ ഖറദാവി തുടങ്ങിയ പണ്ഡിതന്മാര്‍ ഫുആദ് സകരിയ്യ, ഫറജ്‌ഫൗദ തുടങ്ങിയ മതേതര ചിന്തകരുമായി രാഷ്‌ട്രീയ ഇസ്‌ലാം സംബന്ധിച്ച് നടത്തിയ മുഖാമുഖങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധനേടുകയുണ്ടായി. ഖുര്‍ആന്‍, ഹദീസ് എന്നിവക്കു പുറമെ ഇസ്‌ലാമിന്റെ മറ്റു ആധികാരിക സ്രോതസ്സുകള്‍ ഇഴകീറി പരിശോധിക്കുന്ന സംവാദങ്ങള്‍ക്കാണ് അറബ് ചിന്താ ലോകം സാക്ഷ്യം വഹിച്ചത്. ഇതിന്റെയൊക്കെ ഒരു ഫോട്ടോസ്റ്റാറ്റ് ഇമേജെങ്കിലും ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിഫലിച്ചിട്ടില്ല. അതുകൊണ്ട് കേവലം വിവാദങ്ങളുടെ തലത്തില്‍ നിന്നും ഉയരാത്ത ഇത്തരം പകപോക്കുതര്‍ക്കങ്ങളില്‍ നിന്നും മതേതര ബുജികള്‍ ദയവായി പിന്‍വാങ്ങുക. ഇസ്‌ലാം - മതേതര ചര്‍ച്ചകളെ സംവാദത്തിന്റ തലത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുണ്ടെങ്കില്‍ മാത്രം പോരിനിറങ്ങുക. അല്ലാതെയുള്ള `ഇന്റലക്‌ച്വല്‍ ഹോളിവാറു'കള്‍ക്ക് ദയവായി അവധികൊടുക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ ആരോഗ്യത്തിന് നന്ന്.
(ലേഖകന്‍ കേരള യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അസി. പ്രഫസറാണ്).